News Dated : Monday, October 19, 2009
റബര്‍വെട്ടാന്‍ പുതിയ കത്തി
കോട്ടയം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വിപ്ലവം സൃഷ്‌ടിക്കുന്ന പുതിയ കത്തിയുമായി വിദേശമലയാളി സി.ജോര്‍ജ് വര്‍ഗീസ് കോട്ടയം പ്രസ് ക്ലബിലെത്തി. അബുദാബിയില്‍ ബിസിനസ് കാരനായ കോട്ടയം പള്ളിക്കത്തോട് മുക്കാലി സ്വദേശി ചിറക്കാട്ട് ജോര്‍ജ് വര്‍ഗീസാണ് പുതിയ ടാപ്പിങ് കത്തി രൂപകല്‌പനചെയ്‌തത്. റബര്‍ കര്‍ഷകരുടെ ജീവിതംതന്നെ മാറ്റിമറിക്കുന്ന പുതിയ ടാപ്പിങ് രീതിയാണ് ഈ കത്തിയിലൂടെ നിര്‍വഹിക്കുവാനാകുന്നത്. ഇപ്പോള്‍ ഇരുപത് വര്‍ഷം മാത്രം വെട്ടാന്‍ കഴിയുന്ന റബര്‍മരം പുതിയ കത്തിയും ടാപ്പിങ് രീതിയും ഉപയോഗിച്ചാല്‍ 60-65 വര്‍ഷംവരെ വെട്ടാനാവും. ആദായം മൂന്നിരട്ടിയായി വര്‍ധിക്കും. മാത്രമല്ല എങ്ങനെ വെട്ടിയാലും റബര്‍മരത്തില്‍ കായംവീഴില്ല. ചീക്ക് 80 ശതമാനത്തിലേറെ കുറയ്‌ക്കാം. വെട്ടുകാനയില്‍നിന്ന് ഇടവഴിയില്‍കൂടി പാല്‍ ഒഴുകി പോവുകയില്ല. വെട്ടുമ്പോള്‍ മരത്തടിയില്‍ കത്തി കൊള്ളാത്തതുകൊണ്ട് വെട്ടുകാരന് അനായാസമായി വെട്ടാന്‍കഴിയും. കത്തിയുടെ മൂര്‍ച്ച ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുകയും ചെയ്യും. ഈ കത്തി ഉപയോഗിച്ച് മൂന്നുദിവസത്തെ പരിശീലനം കൊണ്ട് ആര്‍ക്കും റബര്‍മരം വെട്ടാം.
വെട്ടുകാര്‍ക്ക് ഏറെ ക്ഷാമം നേരിടുന്ന കേരളത്തില്‍ സ്‌ത്രീകള്‍ക്കും ഇതു വളരെ അനായാസമായി ഉപയോഗിക്കാം. നിലവിലുള്ള കത്തികൊണ്ട് 100 മരം വെട്ടുന്ന സമയത്ത് പുതിയ കത്തി ഉപയോഗിച്ച് 130 മരം വെട്ടാനാവും. റബര്‍മരത്തിന് പകുതിപ്രായംപോലും ആകുന്നതിനു മുമ്പ് സ്ലോട്ടര്‍വെട്ടുവരെ പൂര്‍ത്തിയാക്കി മരം മുറിച്ചുവില്‍ക്കുന്ന രീതിക്ക് പുതിയ കത്തി ഉപയോഗിച്ചാല്‍ മാറ്റംവരും.
റബര്‍തൈ നട്ട് എട്ടുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് റബര്‍മരം വെട്ടാന്‍ പ്രായമാകുന്നത്. മൂന്നിരട്ടി ആയുസ് കൂടുതല്‍ ലഭിക്കുന്നതിനാല്‍ റീപ്ലാന്റിങ് സമയത്തെ കാത്തിരിപ്പ് ഒഴിവാക്കാനാവും. ഏറെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് വര്‍ഗീസ് കത്തി രൂപകല്‌പന ചെയ്‌തത്.
റബര്‍കൃഷി വ്യാപകമായുള്ള ശ്രീലങ്ക, തായ്‌ലന്റ്, ഇന്ത്യോനേഷ്യാ, മലേഷ്യാ എന്നീ രാജ്യങ്ങളില്‍ ഇദ്ദേഹം വിശദമായ പഠനങ്ങള്‍ നടത്തി. നാട്ടിലെ സ്വന്തം തോട്ടത്തില്‍ റബര്‍ മരങ്ങള്‍ അശാസ്‌ത്രീയമായ വെട്ടുമൂലം നശിക്കുന്നതുകണ്ടാണ് പുതിയ കത്തി രൂപകല്‌പനചെയ്യാനുള്ള പ്രചോദനം ഉണ്ടായത്. ഇതുപയോഗിച്ച് മൂന്നുമില്ലിമീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ മുറിവുണ്ടാക്കാന്‍ പറ്റില്ല എന്നതുകൊണ്ട് അപകടകരമായി ഈ കത്തി ഉപയോഗിക്കാനാവില്ല എന്ന പ്രത്യേകതയുമുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്‌പാദിപ്പിച്ചാല്‍ മൂന്നുവശങ്ങളുള്ള ഈ കത്തിക്ക് നിലവിലുള്ള കത്തിയേക്കാള്‍ ഏറെ വില വരില്ല. ചെറുപ്പം മുതല്‍ കൃഷിയും കൃഷിരീതികളും കണ്ടുവളര്‍ന്ന ജോര്‍ജ് വര്‍ഗീസിന് കൃഷിയെന്നും ഹരമാണ്.
വിദേശത്തെ വിജയകരമായ ബിസിനസിനിടയിലും ആറുമാസത്തിലൊരിക്കല്‍ തന്റെ കൃഷിത്തോട്ടത്തില്‍ എത്തുന്ന ഇദ്ദേഹം കൃഷിരീതികളില്‍ എന്നും പുതിയ പരീക്ഷണം നടത്തുന്നു. റബര്‍തൈ നടുമ്പോള്‍ മുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആര്‍ക്കും എപ്പോഴും വിശദീകരിച്ചുകൊടുക്കുവാന്‍ തയാറാണെന്ന് ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.
No comments:
Post a Comment